Movies
അമ്മൂമ്മയെ ഒറ്റപ്പെടുത്തി, തിരിഞ്ഞു നോക്കിയില്ല എന്ന തരത്തിൽ തങ്ങളുടെ കുടുംബത്തിനു നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി പറഞ്ഞ് അഹാന കൃഷ്ണ.
അമ്മൂമ്മയെ സിന്ധു കൃഷ്ണയുടെ കുടുംബം ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ച് സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് കുടുംബത്തിലെ പ്രശ്നങ്ങളെക്കുറിച്ചും അതിന് പിന്നിലെ യഥാർഥ കാരണവും തുറന്നു പറഞ്ഞ് അഹാന രംഗത്തെത്തിയത്.
കുടുംബത്തിൽ സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന വ്യക്തിയാണ് അമ്മൂമ്മയെന്നും പ്രായമായ ആളെന്നു കരുതി പലതും ക്ഷമിച്ചെങ്കിലും ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങൾ അവർ വിളിച്ചു പറഞ്ഞെന്നും അതിന്റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അഹാന പറഞ്ഞു.
അമ്മൂമ്മയുടെ ഉപദ്രവം സഹിക്കാതെ അപ്പൂപ്പനെ നോക്കാൻ വന്ന ഹോം നഴ്സുമാർ സേവനം അവസാനിപ്പിക്കേണ്ട അവസ്ഥ വരെ വന്നെന്നും അഹാന പറഞ്ഞു. ഇതു ചോദ്യം ചെയ്തുണ്ടായ തർക്കത്തിലാണ് അമ്മൂമ്മ മോശം പരാമർശം നടത്തിയതെന്നും അഹാന വെളിപ്പെടുത്തി
‘ഞങ്ങളും അമ്മൂമ്മയും തമ്മിൽ ബന്ധപ്പെടാതിരിക്കുന്നതിനും അപ്പൂപ്പൻ മരിക്കുന്നതിനും ഒരു ബന്ധവുമില്ല. 2025 ഒക്ടോബർ 31നാണ് അമ്മൂമ്മയുമായുള്ള ബന്ധം മുറിയുന്നത്. ഇഷാനിയുടെ പിറന്നാളിന് ഒരു ദിവസം മുൻപ്. ഇഷാനിയുടെ ബർത്ത്ഡേ പാർട്ടിയിൽ അപ്പൂപ്പനും അമ്മൂമ്മയും വരാനിരുന്നതാണ്. അമ്മൂമ്മയുമായി വലിയൊരു പ്രശ്നം ഉണ്ടായതുകൊണ്ടാണ് അവർ വരാതെ ഇരുന്നത്.
പിന്നെ ഞങ്ങളെല്ലാവരും അമ്മൂമ്മയെ കാണുന്നത് തന്നെ അപ്പൂപ്പൻ മരിക്കുന്ന ദിവസമാണ്, അതായത് 2026 മാർച്ച് 29. അമ്മൂമ്മയെക്കുറിച്ച് ഇതു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാലും പറയുകയാണ്... അമ്മൂമ്മ എപ്പോഴും ഒരു പ്രശ്നക്കാരിയായിരുന്നു. ഒരുമിച്ചു പോകാൻ ശരിക്കും ബുദ്ധിമുട്ടാണ്. അമ്മ ഞങ്ങൾക്കു തരുന്ന സ്നേഹം വലുതാണ്. പക്ഷേ, അമ്മയ്ക്ക് അത് ലഭിച്ചിട്ടില്ല. അത് അമ്മ തിരിച്ചറിഞ്ഞിട്ടില്ല. കാരണം അപ്പൂപ്പൻ നല്ലൊരു പാരന്റ് ആയിരുന്നു. ഞങ്ങളും കുഞ്ഞുനാൾ മുതൽ അമ്മൂമ്മയുടെ ഭ്രാന്തൻ സ്വഭാവങ്ങൾ കാണുന്നതാണ്. ഞങ്ങളെപ്പോഴും അതു പോട്ടെയെന്നു വയ്ക്കും
അപ്പൂപ്പൻ വയ്യാതെ ആയപ്പോൾ അമ്മൂമ്മയുടെ സ്വഭാവം കുറച്ചൂടെ മോശമായി. അപ്പൂപ്പന് വീട്ടിൽ ഒരു ഹോം നഴ്സിനെ സ്ഥിരമായി വേണ്ട അവസ്ഥ വന്നു. അമ്മൂമ്മയ്ക്ക് ഭയങ്കര വൃത്തി പ്രാന്താണ്. അതു കൂടിക്കൂടി ആരും വീട്ടിൽ വരുന്നത് ഇഷ്ടമല്ലാതായി. അതുകൊണ്ട് ഹോം നഴ്സ് വീട്ടിലുള്ളത് അമ്മൂമ്മയ്ക്ക് കംഫർട്ടബിൾ അല്ലായിരുന്നു.
അതുകൊണ്ട് ഇവർ ഓരോ പ്രശ്നമുണ്ടാക്കും, അതോടെ ഹോം നഴ്സ് പോകും. സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് 15 ഹോം നഴ്സ് എങ്കിലും വന്നു പോയിട്ടുണ്ടാകും. അമ്മൂമ്മയുടെ ഉപദ്രവം സഹിക്ക വയ്യാതെയാണ് അവർ പോയത്. ഹോം നഴ്സാണ് അപ്പൂപ്പനെ ബാത്ത്റൂമിൽ കൊണ്ടുപോകുന്നതെന്നു പറഞ്ഞ് അപ്പൂപ്പനെ ബെഡ് റൂമിൽ കിടത്താതെ ഹാളിലാണ് കിടത്തികൊണ്ടിരുന്നത്. ഇതൊക്കെ കാണുമ്പോൾ പുള്ളിക്കാരിയുമായി അടി ഉണ്ടാകില്ലേ? അപ്പൂപ്പന്റെ ആരോഗ്യകാര്യം പറഞ്ഞാണ് ഞങ്ങൾ തമ്മിൽ അടിയാകുന്നത്.
ഒരു ദിവസം രാവിലെ ഹോം നഴ്സ് വിളിച്ചു പറഞ്ഞു, ‘അപ്പൂപ്പന്റെ മൂക്കിൽ നിന്ന് രക്തം വരുന്നു... എന്നെ അമ്മൂമ്മ വീട്ടിൽ കയറ്റുന്നില്ല. എന്തു ചെയ്യും’ എന്ന്. ഈ പ്രശ്നത്തിന്റെ ഇടയിൽ വളരെ മോശമായ കാര്യങ്ങൾ അമ്മൂമ്മ പറഞ്ഞു. ഒരിക്കലും ക്ഷമിക്കാൻ പറ്റാത്ത തരത്തിലുള്ള മോശം കാര്യങ്ങളാണ് വിളിച്ചു പറഞ്ഞത്. അത്രയും വൃത്തികേട് പറഞ്ഞപ്പോൾ ഞങ്ങൾ തീരുമാനിച്ചു, ആ ബന്ധം അകറ്റി തന്നെ നിറുത്താം. അവരുടെ ബാക്കി കാര്യങ്ങളൊക്കെ നോക്കാം... പക്ഷേ, മാറി നിൽക്കട്ടെ എന്ന്. അമ്മൂമ്മയ്ക്ക് വ്യക്തമായി അറിയാം, എന്തുകൊണ്ട് ഞങ്ങൾ വിളിക്കുന്നില്ല എന്ന്,’ അഹാന വെളിപ്പെടുത്തി.
‘അന്ന് അമ്മൂമ്മ എനിക്കെതിരെ മോശമായി പറഞ്ഞതിന്റെ വോയ്സ് നോട്ട് ഫാമിലി ഗ്രൂപ്പിൽ ഇട്ടപ്പോൾ അനുഭാവപൂർവം പ്രതികരിച്ച വ്യക്തിയാണ് തൻവി. യഥാർഥ കാരണങ്ങൾ തൻവിക്കും അറിയാം. എന്നിട്ട് കാനഡയിൽ നിന്ന് വീഡിയോ കോൾ ചെയ്യുന്നു, അമ്മൂമ്മയെക്കൊണ്ട് പറഞ്ഞു പറയിപ്പിക്കുന്ന പോലെ ഓരോന്നു ചെയ്യുന്നു. അതെടുത്ത് വ്ലോഗിൽ ഇടാൻ തൻവി കാണിച്ച മനസ്! എനിക്കൊന്നുമില്ല പറയാൻ! അമ്മൂമ്മ പറഞ്ഞതും ചെയ്തതും തെറ്റാണെന്നു ചൂണ്ടിക്കാട്ടി ഒരു ക്ഷമ പറയാൻ ആവശ്യപ്പെടാൻ തൻവിക്ക് കഴിഞ്ഞില്ല. പ്രായമായ ആളല്ലേ എന്നു കരുതി എല്ലാ കാര്യങ്ങളും അങ്ങനെ ക്ഷമിച്ചു വിടാൻ കഴിയില്ല,’ അഹാന പറയുന്നു.
‘തൻവി പങ്കുവച്ച വീഡിയോ ഞങ്ങളുടെ കുടുംബത്തിനെതിരെ ഒരു നെഗറ്റിവ് ഇംപാക്ട് ഉണ്ടാക്കി. അച്ഛൻ എന്നത്തെയും പോലെ പറഞ്ഞു, സത്യം നമ്മുടെ ഭാഗത്താണെങ്കിൽ നിശബ്ദമായിരിക്കുന്നതാണ് നല്ലത്. അതാണ് മികച്ച ആയുധം. ഇതാദ്യമായല്ല ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ കള്ളങ്ങൾ പറയുന്നത്. പക്ഷേ, അച്ഛൻ പറഞ്ഞപോലെ നിശബ്ദയായിരിക്കാൻ എനിക്ക് പറ്റില്ല. ഇവിടെ ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്റെ അമ്മയാണ്.
കുടുംബത്തിനുള്ളിൽ നടക്കുന്ന ഡ്രാമ സമൂഹമാധ്യമങ്ങളിൽ വന്നു പറയുന്നത് മോശമാണ്. പുതിയ വ്ലോഗിനുള്ള കോണ്ടന്റ് ആയല്ലോ എന്നു പറയുന്നവരുണ്ട്. ഒന്നോർക്കുക, ഞങ്ങൾ അത്തരക്കാരല്ല. പക്ഷേ, ഇതിങ്ങനെ വന്നു പറയേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ‘‘തൻവിയല്ലേ, വിട്ടു കളയൂ’’ എന്നാണ് അമ്മയുടെ നിലപാട്. പക്ഷേ എനിക്ക് പറ്റില്ല,’ അഹാന പറഞ്ഞു.
അമ്മൂമ്മ ഒറ്റയ്ക്കായതുകൊണ്ടാണ് താൻ നാട്ടിലേക്ക് വന്നതെന്ന് വ്യക്തമാക്കി തൻവി ഒരു വീഡിയോ പങ്കുവച്ചിരുന്നു. അതിൽ കാനഡയിലേക്ക് അമ്മൂമ്മ വിളിച്ചു കരയുന്ന വിഡിയോ കോളിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിഡിയോയിൽ അമ്മൂമ്മ പറയുന്നത് ഇങ്ങനെ: ‘‘ഞാൻ എന്തായാലും ഇങ്ങനെ ദിവസങ്ങൾ എണ്ണി ഇരിക്കുകയാണ് മക്കളെ, എന്റെ കുട്ടികളെ കാണാൻ. കാരണം എനിക്ക് ആരുമില്ല. ഞാൻ ഒറ്റയ്ക്കായി. എന്റെ അപ്പൂപ്പൻ അങ്ങ് പോയി. ഞാൻ ഒറ്റയ്ക്കായി. എനിക്ക് ആരൊരുത്തരും ഇല്ല. ആത്മാർത്ഥതയുള്ള ഒരു ജോലിക്കാരനും ഇല്ല. ആരും ഒരു ഫോൺ കോൾ പോലും ചെയ്യുന്നില്ല. അതുകാരണം കൊണ്ട് ഇപ്പൊ എനിക്ക് ഇത്രയും ബിപി കൂടി ഹൈ ബിപി ആണ്. അത്രയ്ക്ക് വയ്യാതെയാണ് മോനെ ഇരിക്കുന്നത്. നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപക്ഷേ എന്റെ ബിപി കൂടെ കുറഞ്ഞു കിട്ടുമെന്ന് വിചാരിക്കുന്നു. കാണാൻ കൊതിയായി.’’ ഈ ദൃശ്യങ്ങളാണ് വലിയ വിമർശനങ്ങൾക്ക് വഴി വച്ചത്.
Movies
നടി സിന്ധു കൃഷ്ണയുടെ അമ്മയെക്കുറിച്ച് സഹോദരിയുടെ മകൾ നടത്തിയ വെളിപ്പെടുത്തൽ വിവാദത്തിലേയ്ക്ക്. സിന്ധുവിന്റെ അമ്മയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ കാനഡയിലെ ജോലി ഉപേക്ഷിച്ച് താൻ തിരുവനന്തപുരത്തിന് വന്നെന്നുമാണ് സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി പറഞ്ഞത്.
തൻവിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സിന്ധുവിന്റെ മകൾ അഹാനയും കൂടി എത്തിയതോടെ ഈ കുടുംബപ്രശ്നം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
തൻവി യുട്യൂബിൽ പങ്കുവച്ച വീഡിയോയിൽ അമ്മൂമ്മ പറയുന്ന ചില ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നാട്ടിലേക്ക് വരാൻ ഒരുങ്ങിയ തൻവിയോട് സിന്ധു കൃഷ്ണകുമാറിന്റെ അമ്മ പറയുന്നത് ഇങ്ങനെ: ‘‘ഞാൻ എന്തായാലും ഇങ്ങനെ ദിവസങ്ങൾ എണ്ണി ഇരിക്കുകയാണ് മക്കളെ, എന്റെകുട്ടികളെ കാണാൻ. കാരണം എനിക്ക് ആരുമില്ല. ഞാൻ ഒറ്റയ്ക്കായി. എന്റെ അപ്പൂപ്പൻ അങ്ങ് പോയി. ഞാൻ ഒറ്റയ്ക്കായി. എനിക്ക് ആരൊരുത്തരും ഇല്ല. ആത്മാർത്ഥതയുള്ള ഒരു ജോലിക്കാരനും ഇല്ല. ആരും ഒരു ഫോൺ കോൾ പോലും ചെയ്യുന്നില്ല. അതുകാരണം കൊണ്ട് ഇപ്പൊ എനിക്ക് ഇത്രയും ബിപി കൂടി ഹൈ ബിപി ആണ്. അത്രയ്ക്ക് വയ്യാതെയാണ് മോനെ ഇരിക്കുന്നത്. നിങ്ങളെ ഒക്കെ കാണുമ്പോൾ ഒരുപക്ഷേ എന്റെ ബിപി കൂടെ കുറഞ്ഞു കിട്ടുമെന്ന് വിചാരിക്കുന്നു. കാണാൻ കൊതിയായി.’’
സിന്ധു കൃഷ്ണയുടെ അച്ഛൻ മരിക്കുന്ന സമയത്ത് തൻവി ഗർഭിണി ആയിരുന്നു. ആ സമയത്ത് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ ആയതിനാൽ അപ്പൂപ്പന്റെ ചടങ്ങുകളിൽ തൻവിക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു വർഷമായി തന്നെ നിരന്തരം നാട്ടിലേക്ക് അപ്പൂപ്പനും അമ്മൂമ്മയും വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് തൻവി വെളിപ്പെടുത്തി.
എന്നാൽ, അപ്പൂപ്പൻ മരിച്ചതോടെ അമ്മൂമ്മ ഒറ്റപ്പെട്ടുവെന്നും ആ സങ്കടം സഹിക്കാൻ കഴിയുന്നില്ലെന്നും തൻവി പറയുന്നു.
തൻവിയുടെ വാക്കുകൾ
എന്നെ കുഞ്ഞിലെ മുതലേ എന്റെ അപ്പൂപ്പനും അമ്മൂമ്മയും ആണ് വളർത്തിയത്. അപ്പോൾ കഴിഞ്ഞ ഒന്നോ രണ്ടോ വർഷമായിട്ട് അപ്പൂപ്പനും അമ്മൂമ്മയും എന്നോട് ‘മക്കളെ വാ നമുക്ക് വയ്യ’ എന്നൊക്കെ പറഞ്ഞ് വിളിക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു, ഓക്കേ അമ്മൂമ്മയ്ക്ക് അപ്പൂപ്പൻ ഉണ്ട്, അപ്പൂപ്പന് അമ്മൂമ്മ ഉണ്ട്.
പിന്നെ കഴിഞ്ഞ ഒരു വർഷം അപ്പൂപ്പന് ഹോം നേഴ്സ് ഉണ്ടായിരുന്നു. പിന്നെ അവർക്ക് വീട് തൂത്തു തുടക്കാൻ ആളുണ്ടായിരുന്നു. ഞാൻ മാസം അങ്ങോട്ട് പൈസ അയച്ചുകൊടുക്കുമായിരുന്നു. അവർക്ക് അവരുണ്ടല്ലോ എന്നുള്ള ധൈര്യത്തിൽ ഞാൻ പിന്നെ അവരെ വിളിക്കുമ്പോൾ ‘വരാം വരാം... ആലോചിക്കാം’ എന്നൊക്കെ പറഞ്ഞ് ഇരിക്കുവായിരുന്നു.
അവസാനം ഞാൻ ഗർഭിണി ആയ സമയത്ത് അപ്പൂപ്പൻ ‘മക്കളെ നീ വരുന്നില്ലേ മക്കളെ... നീ എപ്പോൾ വരും’ എന്ന് പറഞ്ഞു. ഞാൻ എന്തായാലും ഇനി കൊച്ച് ജനിച്ചു കുറച്ച് മാസം കഴിഞ്ഞിട്ട് അങ്ങോട്ടേക്ക് വരാം. നിങ്ങൾക്ക് രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും നിങ്ങളുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. അതു മാത്രമല്ല ഈ ജോലിക്ക് വരുന്ന ആൾക്കാരും സ്ഥിരം നിൽക്കുന്നില്ലായിരുന്നു.
നമ്മുടേത് ഇച്ചിരി വലിയ വീടാണ്. ഒരു അഞ്ചു ബെഡ്റൂം ഉള്ള വീടാണ്. അതെല്ലാം മൊത്തവും ദിവസവും വൃത്തിയാക്കുന്നത് ഇച്ചിരി ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് സ്ഥിരം ആൾക്കാർ നിൽക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാലും ഞാൻ പറയും, ‘അഡ്ജസ്റ്റ് ചെയ്യ്... എന്തെങ്കിലും ആകട്ടെ’ എന്ന്. അവസാനം എന്റെ വളകാപ്പിന്റെ തലേദിവസം വരെ അപ്പൂപ്പൻ പറഞ്ഞു, ‘മക്കളെ നീ എന്ന് വരും’ എന്ന്. അപ്പോഴും ഞാൻ പറഞ്ഞു, ‘ഞാൻ വരാം അപ്പൂപ്പാ... ഇനി സമയമുണ്ടല്ലോ. എന്തിനാ നിങ്ങൾ കിടന്ന് എന്നെ ചുമ്മാ ഇപ്പോഴേ വിളിക്കുന്നത്’ എന്ന് പറഞ്ഞ് ഞാൻ വഴക്ക് വരെ പറഞ്ഞു. അതിന്റെ പിറ്റേദിവസം രാവിലെയാണ് ഞാൻ അറിയുന്നത് അപ്പൂപ്പൻ ഇങ്ങനെ മരിച്ചുപോയെന്ന്.
അതും കൂടെ അറിഞ്ഞപ്പോൾ എനിക്ക് റിഗ്രറ്റ് ആയിരുന്നു. കാരണം എന്നെ അവരാണ് വളർത്തിയത്. അവസാനം ‘നീ വാ വാ’ എന്ന് വിളിച്ചിട്ട് ഞാൻ വന്നില്ല. കാരണം ഞാൻ കുറച്ച് പൈസ ഉണ്ടാക്കുകയായിരുന്നു. എനിക്ക് കാനഡയിൽ ഒരു വീട് വയ്ക്കണം എന്നതായിരുന്നു എന്റെ പരിപാടിയും പ്ലാനും. ഞാൻ നിൽക്കുന്നത് ചെറിയൊരു അപ്പാർട്ട്മെന്റ് ഹൗസിലാണ്. ഞാൻ പണ്ട് പഠിച്ചോണ്ടിരുന്ന സമയത്ത് കേറിയ ബിൽഡിങ്ങാണ്. അവരെ കൊണ്ടുവരണമെങ്കിൽ സൂപ്പർ ആയി കൊണ്ടുവരണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു. അതിനായി പൈസ് സേവ് ചെയ്യുകയായിരുന്നു.
എന്നെ നോക്കി വളർത്തിയവർക്ക് അവസാനം ഇങ്ങനെ പ്രായം ആയതിനുശേഷം അവരെ നോക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ എന്തിനാ പിന്നെ ഇത്രയും ഞാൻ പൈസ ഉണ്ടാക്കി അവർക്കയച്ചത്? ഇവർക്ക് വല്ലവർക്കും പൈസ കൊടുത്തിട്ട് എന്നെ നോക്കിയാ പോരായിരുന്നോ? അതുകൊണ്ട് ഞാൻ ഇപ്പോൾ മെറ്റേണിറ്റി ലീവ് ടൈം നോക്കി ഇങ്ങോട്ടേക്ക് വന്നേക്കുവാ. എന്നെക്കൊണ്ട് ഇവർക്ക് പറ്റുന്ന ഒരു ഹോം നേഴ്സും അല്ലെങ്കിൽ പറ്റുന്ന ഒരു സ്ഥിരം നിൽക്കാൻ പറ്റിയ ഒരു ജോലിക്ക് നിൽക്കുന്ന ഒരാളെ ഏർപ്പാട് ചെയ്തു.’’
തിരിച്ചെത്തിയപ്പോൾ വീട് വല്ലാത്ത അവസ്ഥയിൽ ആയിരുന്നുവെന്നും തൻവി വെളിപ്പെടുത്തി. ‘ഞാൻ വന്നപ്പോൾ ഈ വീട് എന്റെ പൊന്നേ മൊത്തവും കുളമായിരുന്നു. കുളം എന്ന് വെച്ചാൽ എനിക്ക് വീട് കണ്ടപ്പോൾ തല കറങ്ങുവാ. അമ്മാതിരി സാധനങ്ങളാ കൂട്ടി കൂട്ടി കൂട്ടി കൂട്ടി വെച്ചേക്കുന്നത്. ഇതൊന്നും നമുക്ക് ഒറ്റ ഒരു ദിവസത്തിൽ വൃത്തിയാക്കി തീർക്കാൻ പറ്റത്തില്ല. ഞാൻ അതേപോലെ മാനേജ്മെന്റ് ലെവൽ ജോലിയാണ് വിട്ടിട്ട് വന്നത്. അമ്മൂമ്മ കരയുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണ്.
ഞാൻ ഇരുന്ന് കരയും. എന്റെയും കരച്ചിൽ കണ്ടിട്ട് യോജി പറഞ്ഞു, ഓക്കേ തൽക്കാലത്തേക്ക് നമുക്ക് ഇന്ത്യയിലേക്ക് മാറാം. ഇന്ത്യയിലേക്ക് മാറി അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം ഓക്കേ ആക്കാം. അഥവാ അമ്മൂമ്മയുടെ കാര്യങ്ങളെല്ലാം നോക്കാൻ ആരെങ്കിലും കിട്ടിയില്ലെങ്കിൽ ഞാൻ തന്നെ ഇവിടെ നിൽക്കും. അതാണ് പ്ലാൻ,’ തൻവി പറഞ്ഞു.
തൻവിയുടെ വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. സംഗതി വിവാദമായതോടെ തൻവി കമന്റ് ബോക്സ് പൂട്ടി. അപ്പൂപ്പന്റെ മരണ ശേഷം വളരെ വൈകാരികമായി സംസാരിച്ച് അഹാന ഒരു വ്ലോഗ് പങ്കുവച്ചിരുന്നു. ഇതിന് നേരെയും ഇപ്പോൾ വിമർശനം ഉയരുകയാണ്. അതിനിടെ തനിക്കെതിരെ വന്ന കമന്റുകളിലൊന്നിന് അഹാന മറുപടി നൽകി. സത്യമറിയാതെ ആളുകൾ പെട്ടെന്ന് ജഡ്ജ് ചെയ്യുന്നത് നിരാശജനകമാണെന്നാണ് അഹാന പറയുന്നത്.
Movies
നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരിക്കെയാണ് അന്ത്യം. സിന്ധു കൃഷ്ണയുടെയും മക്കളുടെയും യുട്യൂബ് ചാനലിലൂടെ ഏറെ പരിചിതനായിരുന്നു ഡാഡി എന്നു വിളിക്കുന്ന രംഗനാഥൻ.
ഏറെ കാലമായി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ വസതിയിലായിരുന്നു താമസം. സിന്ധു കൃഷ്ണയെ കൂടാതെ സിമി എന്നൊരു മകൾ കൂടി അദ്ദേഹത്തിനുണ്ട്.
സിന്ധു കൃഷ്ണയുടെ മക്കളായ അഹാനയും ദിയയും മരണവാർത്ത സ്ഥിരീകരിച്ച് പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്.സിന്ധുവും കൃഷ്ണകുമാറുമാണ് അദ്ദേഹത്തിന്റെയും ഭാര്യയുടെയും എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. എല്ലാ കുടുംബ ആഘോഷങ്ങളിലും മാതാപിതാക്കളെ ചേർത്തുപിടിക്കാൻ സിന്ധു പ്രത്യേകം ശ്രദ്ധിച്ചിരുന്നു.